തളിപ്പറമ്പ :ഫയർ സ്റ്റേഷനിലെ പ്രവർത്തനങ്ങളെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിനായി സീതി സാഹിബ് ഹയർ സെക്കൻഡറി സ്കൂളിലെ ജൂനിയർ എസ് പി സി കേഡറ്റുകൾ തളിപ്പറമ്പ അഗ്നിശമന സേനാ നിലയം സന്ദർശിച്ചു. ഫയർ സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ കുര്യാക്കോസ് കേഡറ്റുകളെ സ്വാഗതം ചെയ്തു. അഗ്നിശമന സേനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ എം രാജീവൻ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എ സിനീഷ് എന്നിവർ വിശദീകരിച്ചു. തീപിടിത്തം, പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ തുടങ്ങിയവയിൽ എങ്ങനെ പ്രവർത്തിക്കണം എന്നതിനെക്കുറിച്ച് കേഡറ്റുകൾക്ക് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.
സന്ദർശനത്തിന്റെ ഭാഗമായി, അഗ്നിശമന സേന ഉപയോഗിക്കുന്ന വിവിധതരം ഉപകരണങ്ങൾ, വാഹനങ്ങൾ, രക്ഷാപ്രവർത്തനത്തിനുള്ള സാമഗ്രികൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഈ ഉപകരണങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നു എന്നും അവയുടെ ഉപയോഗങ്ങൾ എന്തൊക്കെയാണെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. കൂടാതെ, തീ അണയ്ക്കുന്ന രീതി കുട്ടികളെ നേരിട്ട് കാണിക്കുകയും ചെയ്തു.


അപകടങ്ങളിൽപ്പെട്ടവരെ എങ്ങനെ രക്ഷപ്പെടുത്താം, പ്രഥമ ശുശ്രൂഷ എങ്ങനെ നൽകാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥർ ക്ലാസ്സെടുത്തു. ഈ സന്ദർശനം സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് ഏറെ പ്രയോജനകരമായിരുന്നു. അഗ്നിശമന സേനാംഗങ്ങളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും ഇത് കൂടുതൽ മനസ്സിലാക്കാൻ സഹായിച്ചു.
സന്ദർശനത്തിന് അവസരം നൽകിയ ഫയർ സ്റ്റേഷൻ അധികൃതർക്ക് പ്രിൻസിപ്പാളിന്റെയും എസ്.പി.സി യൂണിറ്റിന്റെയും പേരിൽ നന്ദി അറിയിച്ചു. കേഡറ്റുകളോടൊപ്പം കമ്മ്യൂണിറ്റി പോലീസ് ഓഫീസർ കെ സി മുസ്തഫ, അഡീഷണൽ കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ: കൃഷ്ണപ്രഭ കെ വി, അധ്യാപക വിദ്യാർത്ഥികളായ ആദിത്യ അശോക്, ആദിത്യ പ്രകാശ് തുടങ്ങിയവർ നേതൃത്വം നൽകി.
Taliparamba: Junior SPC cadets of Seethi Sahib Higher Secondary School visited the Taliparamba Fire Station.